സഹപാഠിക്ക് വീടൊരുക്കി ജൂനിയർ റെഡ്ക്രോസ് കൂട്ടായ്മ…

കരുനാഗപ്പള്ളി : പ്രളയത്തിൽ വീട് നഷ്ടപെട്ട സഹപാഠിക്ക് സ്നേഹ സമ്മാനമായി വീട് നിർമ്മിച്ചു നൽകി ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ. തഴവാ ഗവ: എൽ.പി.എസിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റായ നക്ഷത്രയ്ക്ക് സ്നേഹഭവനമൊരുക്കി ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും ചുമതലക്കാരായ അധ്യാപകരുമാണ് മാതൃകയാവുന്നത്.

2018 ആഗസ്റ്റിലെ പ്രളയത്തിൽ തൊടിയൂർ വടക്ക് സൈക്കിൾ ജംഗ്ഷനു സമീപം സ്ഥിരതാമസക്കാരായിരുന്ന മധുരാപുരിയിൽ ശിവപ്രസാദിനും, ബീനയ്ക്കും വീട് പുർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ശിവ പ്രസാദിന്റെയും ബീനയുടെയും മൂത്തമകളാണ് തഴവാ എ.വി.എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി നക്ഷത്ര.

വീടിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി സ്കൂൾ കൗൺസിലർ ശ്യാമ, സംസ്ഥാന കോ-ഓർഡിനേറ്റർ ജ്യോതിഷ് ആർ നായർക്ക് നൽകിയ അപേക്ഷയാണ് ശിവ പ്രസാദിനും കുടുംബത്തിനും തുണയായത്. അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് അധ്യാപകരുടെ കൗൺസലർ വാട്സ് അപ്പ് കുട്ടായ്മയിൽ അഭ്യർത്ഥന നടത്തുകയും 1,25,000/- രൂപയോളം പ്രാരംഭ പ്രവർത്തനങ്ങൾക്കായി സമാഹരിക്കുകയും ചെയ്തു. റെഡ്ക്രോസിന്റെ സ്നേഹക്കൂട് പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ചു നൽകുന്നത്.
2014-ൽ വിഭാവനം ചെയ്ത പദ്ധതിയാണ് സ്നേഹക്കൂട് പദ്ധതിക്കായി കേഡറ്റുകളിൽ നിന്ന് 2,50,000/- രൂപ സമാഹരിക്കുകയും ചെയ്തിരുന്നു.

5 സെന്റ് പുരയിടമുള്ള ഭവന രഹിതരായ കേഡറ്റിന് വീട് വച്ച് നൽകുന്ന പദ്ധതിയാണ് സ്നേഹക്കൂട് പദ്ധതി. ഇടയ്ക്ക് പദ്ധതി പൂർത്തീകരണം തടസ്സപ്പെട്ടെങ്കിലും പുതുതായി വന്ന ജില്ലാ കമ്മിറ്റി സ്നേഹക്കൂട് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. 650 ചതുരശ്ര അടിയിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് ഭവനം പൂർത്തീകരിച്ചിട്ടുള്ളത്.

നക്ഷത്രയുടെ സ്കുളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ, ജില്ലയിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 5,50,000/- സമാഹരിച്ചു. 9, 50,000/- രൂപ ചെലവിട്ടാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം ഡി.ഡി.ഇ. യുടെ അദ്ധ്യക്ഷതയിൽ കരുനാഗപ്പള്ളി എം.എൽ.എ ആർ രാമചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. താക്കോൽദാനം ജൂനിയർ റെഡ്ക്രോസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജ്യോതിഷ് ആർ. നായർ നിർവ്വഹിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !