പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു തണലൊരുക്കാൻ സംഗീത കൂട്ടായ്മയും പുതിയ പദ്ധതിയും

കരുനാഗപ്പള്ളി : പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു തണലൊരുക്കാൻ സംഗീത കൂട്ടായ്മ. ‘മക്കളെ നിങ്ങൾക്കായി’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ഫെബ്രുവരി മൂന്നിന് അഞ്ചിന് ആർ.രാമചന്ദ്രൻ എംഎൽഎ നിർവഹിക്കും. ബിആർസിയിലെ സ്പെഷലിസ്റ്റ് അധ്യാപികയും ഗായികയുമായ കെ.എസ്.പ്രിയയും സുഹൃത്തുക്കളും കെ.മെലഡി ബാൻഡും ചേർന്നാണു കൂട്ടായ്മ ഒരുക്കുന്നത്.

അംഗപരിമിതിയുള്ള അതുലിന് ഇലക്ട്രിക് വീൽചെയർ നൽകിയാണ് ഉദ്ഘാടനം. അമ്പിളി എന്ന കുട്ടിക്ക് ശുചിമുറി നിർമിക്കാൻ 50,000 രൂപ എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസർ ബി.രാധാകൃഷ്ണൻ ഉണ്ണിത്താൻ കൈമാറും. നഗരസഭ അധ്യക്ഷ എം.ശോഭന പ്രഭാഷണം നടത്തും. എം.പ്രകാശ് അധ്യക്ഷനായിരിക്കും.

ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി 31 തവണ ഓവറോൾ ചാംപ്യൻമാരായ തഴവ എ.വി.ജി.എച്ച്.എസിന് സി.ആർ.മഹേഷും 2017 ൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് നേടിയ തഴവ ജി.ജി.എച്ച്.എസിന് നഗരസഭ ഉപാധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ളയും അംഗപരിമിതനായ അതുലിന്റെ സ്കൂൾ യാത്രകളിൽ തുണയായ മൂന്നു കൂട്ടുകാരികൾക്കു പി.ആർ.വസന്തനും സ്നേഹസമ്മാനം നൽകും.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ടി.സജിതബീവിയെ എ.ഇ.ഒ. ടി.രാജുവും കലാരംഗത്തെ സംഭാവനകൾക്ക് ഇടവ ബഷീർ, കൈലാസ് ഗോപാലകൃഷ്ണൻ, കോട്ടയം ആലീസ് എന്നിവരെ ആനയടി പ്രസാദും അംഗപരിമിതയായ അമ്പിളിക്ക് ആശ്രയമായ രക്ഷിതാക്കളെ സുനിൽ കറുകത്തറയിലും ആദരിക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത മെഡൽ വിതരണം ചെയ്യും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !