കരുനാഗപ്പള്ളി : പണ്ടാരത്തുരുത്ത് ശ്രീ മൂക്കുംപുഴ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സമുദ്ര മീനൂട്ട് നടത്തി ആയിരങ്ങള്‍ക്ക് നിര്‍വൃതി. ഒന്‍പതാം ഉത്സവത്തിന്റെ ഭാഗമായാണ് കടല്‍മത്സ്യങ്ങളെ ഊട്ടിയത്.
സമുദ്രതീരത്ത് തയ്യാറാക്കിയ പ്രത്യേക അലങ്കാരമണ്ഡപത്തിലാണ് മീനൂട്ടിനുള്ള നിവേദ്യങ്ങള്‍ തയ്യാറാക്കിയത്. വരുണദേവനെ ഷോഡശോപ ആചാരക്രമത്തില്‍ പൂജചെയ്താണ് നിവേദ്യം തയ്യാറാക്കിയത്. ഇതേ സമയം ക്ഷേത്രത്തില്‍ ദേവതാപരിവാരങ്ങള്‍ക്ക് വിശേഷമായി ആവാഹനാദി പൂജകളും നടത്തി. പൂജയുടെ അവസാനഘട്ടത്തില്‍ പക്ഷിമൃഗാദി ജീവജാലങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മീനൂട്ട്.
അലങ്കാരമണ്ഡപത്തില്‍ തയ്യാറാക്കിയ നിവേദ്യവുമായി സുകുമാരന്‍ തന്ത്രി, ശാന്തിമാര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ കടലിലേക്കിറങ്ങി നിവേദ്യം വിതറി. തുടര്‍ന്ന് നൂറുകണക്കിന് ഭക്തരും മത്സ്യങ്ങള്‍ക്ക് നിവേദ്യം വിതരണം ചെയ്ത് നിര്‍വൃതരായി. വിശിഷ്ടാതിഥികളായി കൊട്ടാരക്കര മഹാഗണപതിക്ഷേത്രം മേല്‍ശാന്തി വിഷ്ണു നമ്പൂതിരി, അമൃതാനന്ദമയിമഠം സ്വാമി അഭേദാമൃത ചൈതന്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉത്സവ സമാപനദിവസമായ വ്യാഴാഴ്ച രാവിലെ പൊങ്കാലയും വൈകീട്ട് പകല്‍ക്കാഴ്ചയും നടക്കും. സമാപനസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ധീവരസഭാ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.