പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു…

കരുനാഗപ്പള്ളി : കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു. കേരളത്തിൻ്റെ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സി.എസ്. സുബ്രഹ്മണ്യംപോറ്റിയുടെ നവോത്ഥാന ജീവിത ചരിത്രത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഏറ്റുവാങ്ങി. ഡോ സുജിത്ത് വിജയൻ പിള്ള എം.എൽ.എ., താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ പി.ബി. ശിവൻ, ഡോ വള്ളിക്കാവ് മോഹൻദാസ്, വി.പി. ജയപ്രകാശ് മേനോൻ, പി.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചരിത്രകാരനും, എഴുത്തുകാരനുമായ ഡോ. വള്ളിക്കാവ് മോഹൻദാസ് രചന നിർവഹിച്ച -സി.എസ്. നവോത്ഥാന വിപ്ലവകാരി- എന്ന പുസ്തകമാണ് സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നത്.1875 ൽ കരുനാഗപ്പള്ളിയിൽ ജനിച്ച സി എസ് സുബ്രഹ്മണ്യം പോറ്റി കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ ഉൾപ്പെടെ കരുനാഗപ്പള്ളിയിലെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. അദ്ദേഹം സൗജന്യമായി നൽകിയ ഭൂമിയിലാണ് മിക്ക പൊതു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന കാലത്ത് ഓണാട്ടുകര പ്രദേശത്ത് 32 ഓളം സ്കൂളുകൾ അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ അതിശക്തമായ നിലപാടും സമീപനങ്ങളും സ്വീകരിച്ച സി എസ് സുബ്രഹ്മണ്യംപോറ്റി യോഗക്ഷേമ സഭയുടെ അധ്യക്ഷനായിരുന്ന കാലത്താണ് അന്തർജനങ്ങളുടെ മോചനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങിവയ്ക്കുന്നത്. ഇതിനെ തുടർന്നാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അവതരിപ്പിക്കപ്പെടുന്നത്. നാടക അവതരണ വേദിയിലും അധ്യക്ഷത വഹിച്ചത് സി എസ് സുബ്രഹ്മണ്യംപോറ്റിയായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാട്, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയ യുവതലമുറയിൽ പെട്ട പോരാളികളെ യോഗക്ഷേമസഭയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനും സി എസ് മുഖ്യ പങ്കു വഹിച്ചു. കുമാരനാശാൻ്റെ വീണപൂവ് എന്ന കൃതി മിതവാദിയിൽ പ്രസിദ്ധീകരിച്ചെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിൽ ഏറെ മനോവിഷമം അനുഭവപ്പെട്ട കുമാരനാശാൻ്റെ മനോഗതം മനസ്സിലാക്കി സി എസ് സുബ്രഹ്മണ്യംപോറ്റി മുൻകൈയെടുത്ത് അദ്ദേഹത്തിൻ്റെ മുഖവുരയോടു കൂടി ഇതേ കവിത പിന്നീട് ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചതോടെയാണ് കുമാരനാശാൻ എന്ന കവിയും അദ്ദേഹത്തിന്റെ കൃതികളും കേരള സമൂഹത്തിൽ ശ്രദ്ധേയമായി മാറുന്നത്. 22 ഓളം കൃതികളും സിഎസ് സുബ്രഹ്മണ്യൻ പോറ്റി രചിച്ചിട്ടുണ്ട്. ഡോ വി വി വേലിക്കുട്ടി അരയൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകരുമായി ചേർന്ന് അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സി എസ് സുബ്രഹ്മണ്യം പോറ്റി നടത്തിയ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രമാണ് പുസ്തകത്തിലെ പ്രധാന ഇതിവൃത്തം. മെയ് 13, 14, 15 തീയതികളിലായി

കരുനാഗപ്പള്ളിയിൽ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ്, കാസ്, ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ എന്നിവയുടെ മുഖ്യ സംഘാടനത്തിൽ നടക്കുന്ന സി എസ് സ്മൃതിയിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !