കരുനാഗപ്പള്ളി : മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി എസ്.എസ്.എ. കരുനാഗപ്പള്ളി ബി.ആർ.സി. അധ്യാപക കൂട്ടായ്മ നടത്തി. കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഡോ.സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയും പൊതുസമൂഹവും എന്ന വിഷയം ഡോ.സി.ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുകയും ചെയ്തു. നഗരസഭ കൗൺസിലർ എൻ.സി.ശ്രീകുമാർ അധ്യക്ഷനായിരുന്നു.
പ്രൈമറി ക്ലാസുകളിലെ ഭാഷാപരമായ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകത്തക്ക നിലയിൽ ഉപജില്ലയിലെ 69 സ്കൂളുകളിലും ആവേശകരമായ മുന്നേറ്റമാണ് ഉണ്ടായതെന്നു ബി.പി.ഒ. എം.പ്രകാശ് പറഞ്ഞു. കുട്ടികളുടെ അനുഭവക്കുറിപ്പുകൾ വിദ്യാഭ്യാസ മന്ത്രിക്കുള്ള കത്തുകളുടെ രൂപത്തിൽ തയാറാക്കുന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സ്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത കത്തുകളുടെ അവതരണവും അധ്യാപക സംഗമത്തിൽ നടത്തി. തിരഞ്ഞെടുത്ത ഏറ്റവും നല്ല കത്തുകൾ വിദ്യാഭ്യാസ മന്ത്രിക്ക് അയച്ചുകൊടുക്കും. ഗുണമേന്മാ വിദ്യാഭ്യാസത്തിന് അടിത്തറയാകുന്ന ഈ പരിപാടിയിൽ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ആവേശത്തോടെ പങ്കെടുത്തുവെന്നും എം.പ്രകാശ് പറഞ്ഞു.