കരുനാഗപ്പള്ളി : തൊടിയൂർ മുഴങ്ങോടി കളരിയിൽ ഭദ്രാഭഗവതി ക്ഷേത്രത്തിന് മുന്നിൽ വച്ചിരുന്ന ക്ഷേത്രം ശാന്തിയുടെ സ്‌കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. വലിയ തോതിൽ ശബ്ദം കേട്ടതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ക്ഷേത്രം സെക്രട്ടറി മധുസൂദനൻപിള്ള ഓടിയെത്തിയപ്പോഴാണ് സ്‌കൂട്ടർ കത്തുന്നതായി കാണുന്നത്. സംഭവമറിഞ്ഞ് നാട്ടുകാരുമെത്തി. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും പ്രദേശവാസികളും ചേർന്ന് തീ അണച്ചു. സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചു.
സ്‌കൂട്ടറിന്റെ ചില ഭാഗങ്ങൾ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നും കണ്ടെത്തി. ക്ഷേത്ര മതിലിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം ഇളക്കി മാറ്റാൻ ശ്രമിച്ച നിലയിലുമാണ്. ക്ഷേത്ര മതിലിലേക്കും തീ പടർന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.