ശുചിത്വമിഷൻ നടപ്പാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി യുപിജി സ്കൂളിൽ നടന്നു.

കരുനാഗപ്പള്ളി : വിദ്യാർത്ഥികളിൽ ശുചിത്വ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷൻ നടപ്പാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി യുപിജി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.  രാധാമണി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എം ശോഭന അധ്യക്ഷയായി. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ നിർമ്മാജ്ജനം എന്ന ആശയത്തിനോട് ചെറുപ്രായത്തിലേ ആഭിമുഖ്യം വളർത്തി ശുചീകരണ പ്രക്രിയയിൽ കുട്ടികളെ കൂടി ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി ജില്ലയിൽ മൂന്ന് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. യു പി ജി സ്കൂൾ കൂടാതെ, ആദിച്ചനല്ലൂർ ജിയുപിഎസ്, കടയ്ക്കൽ ചിങ്ങോലി ജി എച്ച് എസ് എസ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.ഓരോ സ്കൂളിലും ശുചിത്വമിഷൻ നാല് ബിന്നുകൾ വീതം സ്ഥാപിക്കും.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇതിൽ കുട്ടികളിലൂടെ ശേഖരിക്കുകയാണ് ലക്ഷ്യം. കട്ടി കുറഞ്ഞതും, കൂടിയതുമായ പ്ലാസ്റ്റിക്ക് കവറുകൾ, ഹാർഡ് ബോട്ടിലുകൾ, പെറ്റ് ബോട്ടിലുകൾ എന്നിങ്ങനെ തരം തിരിച്ചാണ് പ്ലാസ്റ്റിക് ശേഖരിക്കുക. വീടുകളിൽ നിന്നും മറ്റും കുട്ടികൾ വഴി പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കിയവ ഇത്തരത്തിൽ ശേഖരിക്കും. ഇവ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനകൾ വഴി കളക്ട് ചെയ്യും.ആദ്യ ഘട്ടത്തിൽ തെരെഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതി തദ്ദേശ സ്ഥാപനങ്ങൾ വഴി മുഴുവൻ സ്കൂളിലും നടപ്പാക്കും.യു പി ജി സ്കൂളിൽ നടന്ന ചടങ്ങിൽ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ഗോപകുമാർ പദ്ധതി വിശദീകരണം നടത്തി.നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, നഗരസഭാ കൗൺസിലർ എൻ സി ശ്രീകുമാർ, എഇഒ ടി രാജു, ബിപിഒ മധു, പിടിഎ ചെയർപേഴ്സൺ ആർ കെ ദീപ, ഹെഡ്മിസ്ട്രസ് ശോഭ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !