പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഫെബ്രുവരി 21 ബുധനാഴ്ച

കരുനാഗപ്പള്ളി : സുദീർഘമായ 77 സംവത്സരങ്ങൾ പിന്നിടുന്ന പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ ഈ പ്രാവശ്യത്തെ സാഹിത്യ പുരസ്‌കാരം ജീവിതത്തിന്റെ മഹാഗ്രന്ഥകാരൻ കെ.പി. രാമനുണ്ണിക്ക്. സമര്‍പ്പണ സമ്മേളനം ഫെബ്രുവരി 2 ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും.10,001 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അനി വരവിളയാണ് ശില്പം രൂപകല്‍പ്പന ചെയ്തത്.

ജഡ്ജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ് അവാര്‍ഡ് ജേതാവിനെയും കൃതിയെയും പരിചയപ്പെടുത്തും. അവാര്‍ഡ് സമർപ്പണം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാസെക്രട്ടറി ഡി.സുകേശന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ മാതൃഭൂമി കഥാരചനാ മത്സരത്തില്‍ വിജയിച്ച എസ്.വിഷ്ണുവിനെയും ആദരിക്കും. ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സെലീന അധ്യക്ഷത വഹിക്കും.

സമ്മേളനത്തിന് ആരംഭം കുറിച്ച് സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഘോഷയാത്ര വൈകിട്ട് 3 മണിക്ക് പണിക്കർക്കടവ് പാലത്തിനു സമീപത്തു നിന്ന് ആരംഭിക്കും. വൈകിട്ട് 6 മണിമുതൽ പ്രബോധിനി ആർട്സ് ക്ലബ്ബ് & ഡാൻസ് സ്ക്കൂൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.

പണ്ടാരത്തുരുത്ത് ഗ്രാമത്തിന് എന്നും മുതൽക്കൂട്ടായി 77 വർഷക്കാലമായി അറിവിലൂടെ കുഞ്ഞുകുട്ടികളെ മുതൽ കൈപിടിച്ച് ഉയർത്താൻ ശ്രമിക്കുന്ന ഈ ഗ്രന്ഥശാലയുടെ പ്രവർത്തനം അങ്ങേയറ്റം അഭിമാനാർഹമായ ഒരു കാര്യം തന്നെയാണ്‌.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !