ഗവ. യു.പി.ജി.എസ്. സ്ക്കൂൾ
കരുനാഗപ്പള്ളി
ഫോൺ : 0476-2621493
സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായ കരുനാഗപ്പള്ളി യു.പി.ജി. സ്ക്കൂളിന്റെ ചരിത്രം കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
കരുനാഗപ്പള്ളി പട്ടണത്തിലെ പാരമ്പര്യം പേറുന്നതും ശ്രേഷ്ടത അവകാശപ്പെടുന്നതുമായ അനവധി ഹൈസ്ക്കൂളുകളും ലോവർ പ്രൈമറി സ്ക്കൂളുകളും സ്ഥിതി ചെയ്യുന്നു. ഇതിൽ ഏറ്റവും പഴക്കമുള്ള ഒരു സരസ്വതീ ക്ഷേത്രമാണ് കൊല്ലവർഷം 01-06-1066 ൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള യു.പി.ജി.സ്ക്കൂൾ. തിരുവിതാംകൂർ രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ഈ സ്കൂളിന്റെ പേര് എം.എം. സ്ക്കൂൾ ഫോർ ഗേൾസ്, കരുനാഗപ്പള്ളി എന്നായിരുന്നു. ലൈബ്രറിയിൽ ഉണ്ടായിരുന്ന പുസ്തകങ്ങളിൽ ഈ പേര് ആലേഘനം ചെയ്തിരുന്നു. 127 വർഷത്തിലേറെയായി കരുനാഗപ്പള്ളിയുടെ സാമൂഹികവും സാംസ്ക്കാരികവുമായ മാറ്റത്തിൽ ഗണ്യമായ സംഭാവനകൾ നൽകി നമ്മുടെ വിദ്യാലയ മുത്തശ്ശി കരുനാഗപ്പള്ളിയുടെ തിലകക്കുറിയായി നില നിൽക്കുന്നു.
1985 ജൂണിൽ ഈ സ്ക്കൂളിന്റെ നാഥനായി ശ്രീ. ആർ. രഘുനാഥൻ സാർ ചാർജേറ്റെടുത്തതോടു കൂടി ഈ വിദ്യാലയത്തിന്റെ പെരുമയും പ്രശസ്തിയും കേരളക്കരയാകെ വ്യാപിച്ചു. ഇ3 മാതൃകാ വിദ്യാലയം സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ക്കൂളായി മാറിയപ്പോൾ അതിനു സാക്ഷ്യം വഹിച്ച നിരവധി അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചൊരിഞ്ഞ അർപ്പണബോധവും സ്നേഹവും ഈ വേളയിൽ അനുസ്മരിക്കുന്നു.
1988- സെപ്റ്റംബറിൽ ആദ്യത്തെ ദേശീയ അവാർഡ് ഈ സ്ക്കൂളിനെ തേടിവന്നു.പ്രഥമാധ്യാപകനായ ശ്രീ.ആർ.രഘുനാഥൻ സാർ 39-മത്തെ വയസ്സിൽ ദേശീയ പുരസ്ക്കാരം നേടി നമ്മുടെ സ്കൂളിന്റെ യശസ്സ് ഭാരതമൊട്ടാകെ പരത്തി. അതിന് തൊട്ടു പുറകെ 1996-ൽ ഭാരതീയ വിദ്യാഭവന്റെ അവാർഡിനുകൂടി അദ്ധേഹം തെരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ കടന്നു കയറിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണെന്നത് പറയുന്നതിൽ അഭിമാനമുണ്ട്.അദ്ധേഹം കാണിച്ചു തന്ന മാർഗ്ഗത്തിലൂടെ ഈ സ്ക്കൂൾ ഇന്നും നടക്കുന്നു. അദ്ധേഹത്തെ പിൻതുടർന്നു വന്ന പ്രഥമാധ്യാപകർ ഈ സ്ക്കൂളിന്റെ നെടും തൂണുകളായി നിന്ന്, ഈ വിദ്യാലയ മുത്തശ്ശിയെ മുൻനിരയിലെത്തിക്കാൻ അഹോരാത്രം പണിപ്പെടുന്നവരായ അധ്യാപകർ, വിദ്യാർത്ഥികൾ, എസ്.എം.സി. തുടങ്ങിയവർക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നു.
വീണ്ടും സ്ക്കൂളിന് പുരസ്ക്കാരം നേടിത്തന്ന ശ്രീ.ആർ.ശ്രീകുമാർ സാർ അധ്യാപക സമൂഹത്തിന് എന്നും മാതൃകയാണ്. 2008- ൽ സംസ്ഥാന അധ്യാപക അവാർഡിനും 2011 - ൽ ദേശീയ അധ്യാപക പുരസ്ക്കാരത്തിനും അദ്ധേഹം അർഹനായി. അതിനും ഈ വിദ്യാലയ മുത്തശ്ശി സാക്ഷ്യം വഹിക്കുകയുണ്ടായി.
വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്വിസ് മത്സരങ്ങൾ, എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി, സുഗമ ഹിന്ദി പരീക്ഷ, സംസ്കൃത സ്കോളർഷിപ്പ്, കലോത്സവങ്ങൾ, ശാസ്ത്ര ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ, അറബിക് - സംസ്കൃത കലോത്സവങ്ങൾ എന്നിവയിൽ എല്ലാത്തിനും നമ്മുടെ സ്ക്കൂൾ മുൻ നിരയിലാണ് അന്നും ഇന്നും.
അതുപോലെ മേഘാലയ ഗവ ർണറായിരുന്ന ശ്രീ.എ.എം . ജേക്കബിൽ നിന്നും ഹിന്ദി അദ്ധ്യാപകനായ ശ്രീ . കെ.എൻ.ആനന്ദൻ സാറിന് അംഗീകാരവും ട്രോഫിയും കിട്ടിയതും ഈ സ്‌ക്കൂളിന് അഭിമാനം തന്നെയുള്ള കാര്യമാണ്.
ശാസ്ത്രമേളയിൽ സംസ്ഥാനത്തെ മികച്ച സ്ക്കൂൾ, ദേശിയ, ദക്ഷിണേന്ത്യാ തലത്തിലുള്ള പങ്കാളിത്തം, എന്നിവ ഇവിടുത്തെ അധ്യാപകരുടെ സേവനത്തിന്റെ പൊൻ തൂവലുകൾ ആണ്. ഗണിത ശാസ്ത്രമേളയിൽ സംസ്ഥാനത്തെ മികച്ച സ്ക്കൂളായി തെരെഞ്ഞെടുത്തു. കലോത്സവത്തിൽ 32 വർഷമായി കരുനാഗപ്പള്ളി സബ് ജില്ലയിലെ കിരീടം ഈ സ്ക്കൂൾ സ്വന്തമാക്കുന്നു. സംസ്കൃത കലോൽസവത്തിൽ അഞ്ചു വർഷമായും ഈ സ്ക്കൂൾ ജില്ലയിൽ മുൻനിരയിലാണ്.
ഇവിടെ ഒന്നാം ക്ലാസ്സുമുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നടപ്പിലാക്കുന്നു. റെഡ് ക്രോസ്, എസ്.പി.സി., എയ്റോബിക് സ് തുടങ്ങിയ ക്ലബുകൾ കുട്ടികളിൽ അച്ചടക്കവും പൗരബോധവും സേവന മനോഭാവവും വളർത്തുന്നു. ഓരോ സ്ക്കൂൾ വർഷത്തിലും പഠനവിനോദയാത്രകൾ രക്ഷാകർത്താക്കളുടെ സഹായത്തോടെ നടപ്പിലാക്കുന്നു. പുറം ലോകത്തെക്കുറിച്ചറിയാനും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും പഠനയാത്രകൾ സഹായിക്കുന്നു.
സ്ക്കൂൾ രക്ഷാകർതൃസമിതിയുടെയും മാതൃസമിതിയുടെയും പ്രവർത്തനം മാതൃകാപരമാണ്. ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ കഴിഞ്ഞ കാല പി.ടി.എ.കമ്മറ്റികളും നിലവിലുള്ള എസ്.എം.സി.യും നൽകിയ സംഭാവനകൾ ചെറുതല്ല.
പഠിതാക്കളുടെ അക്കാദമിക്ക് കഴിവുകൾ ഉയർത്തുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സ്ക്കൂൾ പരിസര ശുചിത്വം, ക്ലാസ് മുറികളുടെ ശാസ്ത്രീയമായ സജ്ജീകരണവും നടത്തിപ്പും, കുട്ടികളുടെ പഠന പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിന് അനിവാര്യമായ പ്രത്യേക സൗകര്യങ്ങൾ, പഠിതാക്കളുടെ നിലവാരം, പഠന രീതി, സ്വഭാവരൂപീകരണം, വ്യക്തിത്വ വികാസം എന്നിവയെക്കുറിച്ച് രക്ഷാകർത്താക്കളുമായി സംവാദം സംഘടിപ്പിക്കൽ, ഓരോ വിദ്യാർത്ഥിയുടെയും കായിക മത്സരശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുക, സർവ്വോപരി ഓരോ വിദ്യാർത്ഥിയുടെയും സർഗവാസനകൾ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തി സർഗശക്തിയെ വളർത്തി കൊണ്ടുവരുന്നതിനുള്ള വേദികൾ സൃഷ്ടിക്കുക, സംസ്ഥാന അടിസ്ഥാനത്തിൽ വരുന്ന മത്സരവേദികളിൽ പങ്കെടുപ്പിക്കുന്നതിന് അധ്യാപകരെ ആത്മാർത്ഥതയോടു കൂടി സഹായിക്കുക തുടങ്ങിയവ അധ്യാപക രക്ഷാകർതൃസമിതി നിസ്സീമമായി നടത്തിക്കൊണ്ടിരിക്കുന്നു. സ്ക്കൂളിന്റെ വികസനത്തിന് ഇപ്പോൾ എസ്.എം.സി.ചെയർമാൻ ശ്രീ.അജയൻ സാഗയുടെ നേതൃത്വത്തിലുള്ള എസ്.എം.എസി. യാണ് നിലകൊള്ളുന്നത്.
2016 അധ്യയന വർഷത്തിൽ പ്രഥമാധ്യാപികയായി ചാർജേറ്റെടുത്ത ശ്രീമതി.ആർ.ശോഭ ടീച്ചറിന്റെ നേതൃത്തത്തിൽ നമ്മുടെ വിദ്യാലയം സംസ്ഥാന തലത്തിൽ തിളങ്ങിക്കൊണ്ടിരിക്കുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വെര 1060 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു. പ്രീ-പ്രൈമറി തലം മുതൽ 29 ക്ലാസ്സുകൾ ഇവിടെ നടക്കുന്നു. 50- ൽ പരം അധ്യാപക-അനധ്യാപകർ ഇവിടെ ഇപ്പോൾ കർമ്മത്സുകരായി നമ്മുടെ നാടിനും നമ്മുടെ കുട്ടികൾക്കുമായി സേവനം ചെയ്യുന്നു.
ബാലവാണിയെന്ന പേരില്‍ 2018 മാർച്ചിൽ നിര്‍മാണം പൂര്‍ത്തീകരിച്ച റേഡിയോ ക്ലബ്ബ് കുട്ടികളുടെയും അധ്യാപകരുടെയും വൈജ്ഞാനിക കലാപ്രകടനങ്ങളുടെ വേദിയായി കൂടി ഇനി മാറും.
വിജയത്തിന്റെ കൊടുമുടികൾ നിരവധി തവണ കൈയ്യടക്കിയ നമ്മുടെ നാടിന്റെ അഭിമാനമായ ഗവ. യു.പി. ജി. സ്ക്കൂളിനെക്കുറിച്ചോർത്ത് കരുനാഗപള്ളിക്കാരായ നമുക്ക് അഭിമാനിക്കാം.
കരുനാഗപ്പള്ളി സിവിൽസ്റ്റേഷന് പടിഞ്ഞാറു വശത്താണ് നമ്മുടെ യു.പി.ജി.എസ്. സ്ക്കൂൾ.