കരുനാഗപ്പള്ളിയിലെ താജ്‌മഹൽ പള്ളി…. ചരിത്ര കഥകൾ….

കരുനാഗപ്പള്ളി : ഏതു കഠിന ഹൃദയത്തിനും അലിവും ശാന്തിയും നൽകുന്ന കേരളത്തിലെ പ്രശസ്‌തമായ പള്ളിയാണ് നമ്മുടെ താജ്‌മഹൽ പള്ളി അഥവാ അലിഹസ്സൻ ശയ്‌ഖന്മാരുടെ പള്ളി.

ജാതിമതഭേദമന്യേ നിരവധിപേർ പ്രാർത്ഥിക്കാനായി ഇവിടെ എത്തുന്നുവെന്നതാണ് ഈ പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

പതിനൊന്നു കബറുകൾ നിരനിരയായി കാണുന്ന ഈ പള്ളിയിൽ ഓരോ ദിവസവും വിശ്വാസികൾ കൂടി വരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

പണ്ട് വടക്കേ മലബാറിൽ അബ്ദുൽഖാദിറുസ്സാനി എന്ന മഹാനായ ഒരു ശയ്‌ഖ് ഉണ്ടായിരുന്നു. സഞ്ചാര പ്രീയനായ ശയ്‌ഖ് ഒരിക്കൽ പൊന്നാനിയിലേക്ക് പോകുന്നവഴി ഒരു കർഷകനെ പരിചയപ്പെട്ടു. അങ്ങനെ ഹസനിബ്നു അലിയെന്ന കർഷകനും പൊന്നാനിയിലേക്കുള്ള യാത്രയിൽ നമ്മുടെ ശയ്‌ഖിനൊപ്പം കൂടി.

കൃഷിമാത്രമറിയാവുന്ന ഹസ്സന് യാത്രാ മദ്ധ്യേ ശയ്‌ഖവർകൾ നിരവധി അറിവുകളും വിജ്ഞാനങ്ങളും പകർന്നു നൽകി. അങ്ങനെ ശയ്‌ഖും ശിഷ്യനായ കർഷകനും പൊന്നാനി പള്ളിയിലെത്തി.

അക്കാലത്ത് പൊന്നാനി പള്ളിയിലെ നമസ്കാരത്തിനു നേതൃത്വം നൽകുന്നത് സെയ്‌നുദ്ധീൻ മഖ്‌ദും ആയിരുന്നു. മഖ്‌ദും കുടുംബക്കാർ മധുരയിൽ നിന്നും കുടിയേറിപ്പാർത്തവരായിരുന്നു. നാഗൂർ ഷാഹുൽ ഹമീദ് വലിയുല്ലാഹി പൊന്നാനിയിൽ എത്തി സെയ്‌നുദ്ധീൻ മഖ്‌ദും തങ്ങളെ സന്ദർശിച്ചിരുന്നു.

ശയ്‌ഖും ശിഷ്യനായ കർഷകനും പൊന്നാനിയിൽ എത്തിയപ്പോൾ ജനങ്ങൾ പ്രസംഗിക്കാൻ ആവശ്യപ്പെടുകയും സെയ്‌നുദ്ധീൻ മഖ്‌ദും അതിനുള്ള അവസരം നൽകുകയും ചെയ്‌തു. ഈ അവസരത്തിൽ വിറങ്ങലിച്ചു നിന്ന ശിഷ്യനായ കർഷകനെ ചാരെ വിളിച്ചു ശയ്‌ഖ് നെഞ്ചിൽ തടവി. ശിഷ്യന്റെ ഹൃദയത്തിൽ നിന്നും വിജ്ഞാനം വടിഞ്ഞൊഴുകാൻ തുടങ്ങി. പിന്നെ ഒരു മുട്ടുസൂചി പോലും താഴെ വീണാൽ കേൾക്കത്തക്ക വിധത്തിൽ നിശ്ശബ്ദതയോടെ ജനങ്ങൾ പ്രസംഗം കേട്ടു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. സെയ്‌നുദ്ധീൻ തങ്ങൾ പോലും അന്നു വരെ കേട്ടിട്ടില്ലാത്ത വിവരങ്ങൾ പ്രസംഗിച്ചപ്പോൾ എല്ലാവരും ഞെട്ടി. കൂടാതെ ഗുരുവിനെയും ശിഷ്യനെയും ബഹുമാന പുരസ്‌കാരം ആദരിച്ച് വിരുന്നു സത്കാരാധികൾ നടത്തുകയും ചെയ്‌തു. ശയ്‌ഖുനാ എന്ന് ശിഷ്യനെ ശയ്‌ഖവർകൾ വിളിച്ചു.

പിന്നീട്, പൊന്നാനി യാത്ര കഴിഞ്ഞതിനുശേഷം ശിഷ്യനായ ഹസ്സൻ ശയ്‌ഖിന്റെ അനുഗ്രഹാശ്ശിസുകളോടെ ഒരുപാട് അറിവുകളുമായി തെക്കോട്ടു യാത്ര തിരിച്ചു. അങ്ങനെ നമ്മുടെ കരുനാഗപ്പള്ളി പുതിയകാവിലെത്തി പ്രാർഥനകളിൽ പങ്കെടുത്തു. നിരവധി ആളുകൾ ഒട്ടനവധി സമ്മാനങ്ങളുമായി അദ്ദേഹത്തെ സമീപിച്ചു. പക്ഷേ സ്‌നേഹബുദ്ധ്യാ അദ്ദേഹം നിരസിച്ചു. ഈ സംഭവം അന്ന് കൃഷ്‌ണപുരം രാജാവിന്റെ ചെവിയിലുമെത്തി. രാജാവ് ശയ്‌ഖിനെ കൂടി കൊണ്ടുവരുവാൻ കല്പിച്ചു. ശയ്‌ഖ് രാജ സന്നിധിയിലെത്തി. വിവരങ്ങൾ രാജാവ് ചോദിച്ചു. പക്ഷെ അവസാനം രാജാവ് താങ്കൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോയെന്നാണ് ചോദിച്ചത്. തനിക്കി
രുന്നു പ്രാർത്ഥിക്കാൻ അല്പം സ്ഥലം കിട്ടിയാൽ കൊള്ളാം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. ശരിയെന്ന് കല്പിച്ചു പുതിയകാവിനു തെക്കു പ്രദേശം കാണിച്ചു കൊടുത്തു.

ശയ്‌ഖും കൂട്ടരും തങ്ങൾക്കു രാജാവു നൽകിയ കാട്ടു പ്രദേശമായ സ്ഥലത്തെത്തിയപ്പോൾ കരിനാഗങ്ങൾ നിന്നാടുന്ന കാഴ്ചയാണ് കണ്ടത്. അത് സ്പർശിച്ചവരാരും രക്ഷപെട്ടിട്ടില്ല. പക്ഷേ ഇവിടെ മറ്റൊന്നാണ് സംഭവിച്ചത്. ശയ്‌ഖുനായെ കണ്ട കരിനാഗം ഫണം താഴ്ത്തി നില്ക്കുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. ശയ്‌ഖുന ഒട്ടും മടിച്ചില്ല. മൂടിയുള്ള ഒരു കൂട വരുത്തി കരിമൂർഖനോട് കൂടയിൽ കയറാൻ ആവശ്യപ്പെട്ടു. അനുസരണയുള്ള ഒരു ശിഷ്യനെപ്പോലെ ശയ്ഖിന്റെ വാക്കു പാലിച്ചു കൂടയിൽ കയറി കരിനാഗം ചുരുണ്ടു കൂടി കിടന്നു. കൂട അടച്ച് ഇതിനെ രാജാവിന് സമ്മാനമായി നൽകുവാൻ ശയ്‌ഖുന പറഞ്ഞു.

സമ്മാനം കൊട്ടാരത്തിലെത്തിയപ്പോൾ രാജാവിന് സന്തോഷമായി. സമ്മാനത്തിന്റെ മൂടി തുടർന്നതും പത്തി വിടർത്തിയാടുന്ന കരിനാഗത്തെ കണ്ടതും വിറളി വിളിച്ചുക്കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും നാലുപാടും ഓട്ടം തുടങ്ങി. സമ്മാനവുമായി എത്തിയ ഗുരുവിന്റെ ശിഷ്യനെ വിളിച്ച് ക്ഷമ പറയുക മാത്രമല്ല എന്താവശ്യവും നിറവേറ്റി കൊടുക്കാമെന്ന് യാചിക്കുകയും ചെയ്‌തു. ഒടുവിൽ ശയ്‌ഖിനെ വരുത്തി കാൽക്കൽ വീണ് ക്ഷമ യാചിച്ചു. അപ്പോൾ ശയ്‌ഖുനാ കേറടാ കൂടേൽ എന്നു കല്പിച്ചു. മുമ്പത്തെപ്പോലെ അനുസരണയുള്ള ശിഷ്യനെപ്പോലെ കരിനാഗം കൂടയിൽ കയറി. തുടർന്ന് കരിനാഗത്തെ പഴയ സ്ഥലത്തു തന്നെ കൊണ്ട് വന്ന് തുറന്നു വിട്ടു. പക്ഷെ പിന്നീട്‌ ആരും ഈ കരിനാഗത്തെ ഈ പ്രദേശത്ത്‌ കണ്ടില്ലത്രേ. സന്തുഷ്‌ടനായ രാജാവ്‌ ഒരു പള്ളി കെട്ടുവാൻ സിദ്ധന്‌ അനുമതി നൽകുകയും അങ്ങനെ ആ വഴിയരികിൽ ചെറിയൊരു മുസ്ലീം പള്ളി പണിയുകയും ചെയ്‌തു. കരിനാഗത്തിൻ ശല്യമുണ്ടായിരുന്ന സ്ഥലത്തെ പള്ളിക്ക്‌ കരുനാഗപ്പള്ളി എന്ന പേരു ലഭിച്ചുവെന്നും പറയപ്പെടുന്നു. ഇന്ന് പഴയ പള്ളിയെല്ലാം പൊളിച്ചു താജ്മഹൽ മാതൃകയിൽ പുതുക്കി പണിഞ്ഞു.

ശയ്‌ഖും ശിഷ്യന്മാരുമായി അങ്ങനെ പതിനൊന്നു പേരുടെ ഖബറുകൾ നിരനിരയായി കാണുന്ന ഈ പള്ളിയിലെത്തി പ്രാർത്ഥിച്ചാൽ ഏവർക്കും മന:ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പുതിയകാവിനു തെക്കുവശത്താണ് നമ്മുടെ ശയ്‌ഖ് മസ്ജിദ്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !